Subscribe

RSS Feed (xml)



Powered By

Skin Design:
Free Blogger Skins

Powered by Blogger

Wednesday, September 22, 2010

ഇമ്രാന്‍

ഡെല്‍ഹി. തണുത്തുമരവിപ്പിക്കുന്ന കാലാശസ്ഥയെ അതിജീവിച്ച് ഞാന്‍ മൂന്നാം വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ദ്ധിനിയായി അവിടെ പഠിക്കുന്നു. പക്ഷെ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും ഒരു തരം മരവിപ്പ് സമ്മാനിക്കുന്ന ഒന്നാണു അവിടം എന്ന് മനസ്സിലാക്കാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.
പഠനസംബന്ധമായി പല സ്പെഷ്യല്‍ യൂണിറ്റിലും പ്രാക്ടീസിനു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പോകാന്‍ മടിക്കുന്ന ഒരെ ഒരു യൂണിറ്റാണു ഒന്‍കൊലോജി യൂണിറ്റ്.ക്യാന്‍സര്‍ എന്ന മാരകരോഗം ബാധിച്ച് അന്ത്യം കാത്ത് കിടക്കുന്നവരുടെ യൂണിറ്റ്. അവിടെ ജോലി ചെയ്യുന്നതേ ഒരു തരം വിങ്ങലോടെയായിരുന്നു. എന്നാല്‍ ആ വിങ്ങലുകള്‍ക്കിടയിലും കിളികളുടെ ശബ്ദം പോലെ മനസ്സിനു കുളിര്‍മ്മ നല്‍കുന്ന ശബ്‌ദം വന്നിരുന്ന കോര്‍ണറായിരുന്നു പീഡിയാട്രിക് കോര്‍ണര്‍ .അതെ, ചെറുപ്രായത്തിലേ ക്യാന്‍സറിനടിമപ്പെട്ട കുഞ്ഞുങ്ങളുടെ കോര്‍ണര്‍.

തങ്ങളുടെ ഉള്ളില്‍ തന്നെ തങ്ങളുടെ ജീവനുവേണ്ടി കൊതിക്കുന്ന ഒരു രോഗമുണ്ടെന്നോ അതിന്റെ ഭവിഷ്യത്ത് എന്തെന്നോ അറിയാതെ സദാചിരിയും കളിയും പിണക്കവുമായി കഴിയുന്ന നിഷ്‌കളങ്കമനസ്സുകളുടെ കോര്‍ണര്‍ . അവരെക്കുറിച്ച് വേദനിക്കാന്‍ അവരുടെ അച്ചനമ്മമാര്‍ മാത്രം . മൂന്നു വയസ്സുമുതല്‍ പന്ത്രണ്ട് വയസ്സുവരെ മാത്രം പ്രായമുള്ള ഈ കുരുന്നുകള്‍ക്കിടയില്‍ ഇന്നും ഓര്‍മ്മയില്‍ നിന്നും മായാന്‍ കൂട്ടാക്കാത്ത ഒരു മുഖമുണ്ട് - എന്റെ ഇമ്രാന്‍.
ഇമ്രാനു ദൈവം നല്‍കിയത് ലുക്കീമിയ അഥവാ രക്താര്‍ബുധം . അവന്‍ യൂണിറ്റില്‍ ആദ്യം വന്ന ദിവസം ഇപ്പോഴും ഒരു മായാക്കാഴ്‌ചയായി മനസ്സിലുണ്ട്. ആരുകണ്ടാലും ശ്രദ്ധിച്ചുപോകുന്ന രീതിയില്‍ വെളുത്തുതടിച്ചൊരു സുന്ദരക്കുട്ടന്‍ . ഓടിയും ചാടിയും കളിച്ചും ചിരിച്ചും യൂണിറ്റിലേയ്ക്ക് വന്ന അവന്‍ കയറിയത് എല്ലാരുടെയും മനസ്സിലേക്കും കൂടിയായിരുന്നു. തനിക്ക് ലുക്കീമിയ ആണെന്നറിയാം , പക്ഷെ അതെന്താണെന്നരിയില്ല ഇമ്രാന്. ചികില്‍സ കഴിയുന്നതുവരെ കൂട്ടിനു അമ്മയും അച്ചനും അനിയനും കൂടെയുണ്ട്. വന്നപ്പോള്‍ തന്നെ അനിയനും മറ്റു കുട്ടികളുമൊത്ത് അവിടുത്തെ പാര്‍ക്കിലും പ്ലേ റൂമിലുമൊക്കെ കളി തുടങ്ങി. മിടുക്കനായ ഇമ്രാനെ നോക്കി നില്‍ക്കുന്നതു തന്നെ മനസ്സിനു കുളിരു നല്‍കും . അതുതന്നെയായിരുന്നു അവനെ എല്ലാരുടെയും ഓമന ആകിയതും .

ഇമ്രാന്റെ ചികില്‍സ ആരംഭിച്ചു. കീമോതെറാപ്പി. കീമോതെറാപ്പിക്ക് വേണ്ടി ഓരോ തവണയും ആ കുഞ്ഞുകൈഞരമ്പില്‍ സൂചികുത്താന്‍ ചെല്ലുമ്പോഴും അവന്‍ സന്തോഷത്തോടെ കൈകാണിച്ച് തരും .
'അസുഖം മാറാനല്ലെ...ചേച്ചി കുത്തിക്കൊ..ഞാന്‍ ഇരിക്കും അനങ്ങാതെ..കരയൂല്ല'
അവന്റെ ഈ പക്വത കണ്ട് യൂനിറ്റിലെല്ലാവര്‍ക്കും അതിശയം . പക്ഷെ, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങളായ ശര്‍ദ്ദില്‍ , നിര്‍ജ്ജലീകരണം എന്നിവകൊണ്ട് അവന്റെ തടിച്ചുരുണ്ട ശരീരം ദിവസങ്ങള്‍ക്കുള്ളില്‍ മെലിഞ്ഞു. കളിയും ചിരിയും മാഞ്ഞുതുടങ്ങി. മരുന്നിന്റെ ശക്തി ആ കുഞ്ഞ് ശരീരത്തിനു താങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല.ആരോഗ്യം തീര്‍ത്തും മോശമാകുമ്പൊ കീമോതെറാപ്പി നിര്‍ത്തിവയ്ക്കും .കുറച്ചൊന്നു നന്നാകുമ്പോള്‍ വീണ്ടും തുടങ്ങും .അങനെ അങ്ങനെ മൂന്നുമാസത്തോളം ഇത് തുടര്‍ന്നു.സ്വന്തം കണ്‍മുന്നീല്‍ കളിച്ചുനടന്ന പൊന്നോമനയുടെ ഇന്നത്തെ അവസ്ഥ ഇമ്രാന്റെ മാതാപിതാക്കളെ മിക്കസമയവും പ്രാര്‍ത്ഥനയില്‍ മുഴുക്കി.പക്ഷെ കണ്ണടച്ചിട്ടും കണ്ണീരടങ്ങിയില്ല.

ഒടുവില്‍ അവരുടെ പ്രാര്‍ത്ഥനയ്ക്കും കണ്ണീരിനും ഫലമുണ്ടായി. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്! അതെ, പൊക്കിള്‍കൊടിയില്‍ നിന്നും ചാപിള്ളയില്‍ നിന്നും ശേഖരിക്കുന്ന സ്റ്റെം സെല്‍സ് രോഗിയില്‍ കുത്തിവയ്ക്കുക. ബോണ്‍ മാരോ ട്രാന്‍സ്പ്ളാന്റേഷനേക്കാള്‍ വിജയസാധ്യത കൂടുതല്‍ .ഏതെങ്കിലും ചാപിള്ളയില്‍ നിന്നും സ്റ്റെം സെല്‍സ് എടുത്തതുകൊണ്ട് കാര്യമില്ല.എച് എല്‍ എ ടൈപ്പിങ്ങില്‍ മാച്ച് ആകുന്ന സെല്‍സ് വേണം . അങ്ങനെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും നല്ലത് സ്വന്തം അമ്മയില്‍ നിന്നെടുക്കുന്നത് തന്നെ. അമ്മയ്ക്ക് ഒരു കുഞ്ഞിനെക്കൂടി പ്രസവിക്കാന്‍ കഴിഞ്ഞാല്‍ , അവരുടെ ചാപിള്ളയില്‍ നിന്നും ശേഖരിക്കുന്ന സ്റ്റെം സെല്‍സ് മാച്ചാകും .അതിനു കുട്ടിയുടെ അമ്മ സാധാരണ പ്രസവിക്കുന്നവരുടെ പ്രായപരിധിയിലുള്ളതായിരിക്കണം .ഇമ്രാനെ അവിടെയും ഭാഗ്യം തുണച്ചു. ഇമ്രാന്റെ അമ്മ സ്വന്തം മകന്റെ ജീവനുവേണ്ടി ഒരു ജീവന്‍ കൂടി ചുമക്കാന്‍ തയ്യാറായിരുന്നു.അങ്ങനെ രണ്ടുകുട്ടികള്‍ക്ക് ശേഷം പ്രസവം നിര്‍ത്തിയ അവരെ റീകനുലൈസേഷന്‍ ചെയ്ത് അതിനായി ശാരീരികമായ് തയ്യാറാക്കി. സ്വന്തം മകന്റെ ജീവനുവേണ്ടിയാണെന്നറിഞ്ഞിട്ടും അവര്‍ പ്രത്യുല്‍പ്പാദനപ്രക്രിയ നടത്തി. അങ്ങനെ ആ അമ്മ വീണ്ടും ഗര്‍ഭിണീയായ. നിറഞ്ഞ സന്ദോഷം ആയിരുന്നു അവരുടെ മുഖത്ത്. തന്ടെ പുന്നാര മകനെ തിരിച്ചു കിട്ടാന്‍ പോകുന്നു. . ഇമ്രാന്റെയും അമ്മയുടെയും മുഖത്ത് വീണ്ടും കളിയും ചിരിയും തിരിച്ചു വന്നു. ആ പിഞ്ചു കുഞ്ഞിനു സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് എന്തെന്ന് അറിയില്ല. പക്ഷെ അമ്മ പറഞ്ഞു അവനു ഒരു കാര്യം അറിയാം. തനിക്കു ഒരു അനിയനോ അനിയത്തിയോ ഉണ്ടാകാന്‍ പോകുന്നു. അവര്‍ ദൈവത്തിന്റെ അടുത്ത് നിന്നും തന്റെ രോഗത്തിനുള്ള മരുന്നുമായാണ് വരുന്നത്. അതുകൊണ്ട് അവര്‍ ദൈവദൂതരാണെന്ന്.

കാണാക്കയത്തിലേയ്ക്ക് പിടിവിട്ടുപോകുമായിരുന്ന ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളച്ചു. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ഇതിനിടയിലും ഇമ്രാനു രക്തം ട്രാന്‍ഫ്യൂസ് ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെയെല്ലാം ഓമനയായി അവന്‍ വീണ്ടും ഓടിക്കളിച്ചു.
പ്രസവദിവസം അടുക്കുന്തോറും അമ്മയുടെ മുഖത്ത് പതീക്ഷയും തിളക്കവും കൂടി വന്നു.അത് കാണുന്നത് ഞങ്ങള്‍ക്കും സന്തോഷമായിരുന്നു. പക്ഷെ ഏഴു മാസം വരെ ആ സന്തോഷത്തിനു ആയുസ്സുണ്ടായിരുന്നുള്ളു. ഏഴാം മാസം നടന്ന നോര്‍മല്‍ ചെക്കപ്പില്‍ ഇമ്രാന്റെ അമ്മയുടെ രക്തത്തില്‍ ലുക്കീമിയ കണ്ടെത്തി !!!!സ്റ്റെം പ്ലാന്റേഷന്‍ നടക്കില്ല!!!!! ! ജനിക്കാന്‍ പോകുന്ന കുഞ്ഞിനും ലുക്കീമിയ ഉണ്ടാകാനുള്ള സാധ്യത!!!!!!! ! ആ അമ്മയുടെ മുഖത്ത് പ്രതീക്ഷയുടെ തേജസ്സ് അണഞ്ഞ് വേദനയുടെ കനലാളിക്കത്തി. ആ മുഖത്ത് കണ്ട വേദന എനിക്കിവിടെ എഴുതി അറിയിക്കാന്‍ പറ്റുന്നില്ല.
ഒന്നുമറിയാതെ കളിച്ച് ചിരിച്ച് അമ്മയുടെ അടുത്ത് ഇമ്രാന്‍ കൊന്‍ചിക്കുഴയുമ്പോഴും ആ അമ്മയുടെ കണ്ണില്‍ നിന്നൊഴികിയ കണ്ണുനീര്‍ എന്തിനൊക്കെ വേണ്ടിയുള്ളതായിരുന്നു? കണ്ണിലുണ്ണിയായ സ്വന്തം മോനു താന്‍ മരിക്കുമ്പോഴും ജീവന്‍ നല്‍കാന്‍ പറ്റില്ലെന്നോര്‍ത്തിട്ടോ? എല്ലാരും കാത്തിരിക്കുന്ന കുഞ്ഞിനെയും മറ്റുള്ളവരുടെ കാരുണ്യത്തിലെറിഞ്ഞുകൊടുക്കണമെന്നോര്‍ത്തിട്ടോ? അതോ തന്റെ ഭര്‍ത്താവിനു തന്റെ ജീവന്റെ തെളിവായി ഒരവശേഷിപ്പും നല്‍കാന്‍ കഴിയില്ലെന്നോര്‍ത്തിട്ടൊ?
'തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് നോവില്ല'. എന്നാലിവിടെ ? ഒന്ന് തലോടാന്‍ പോലും പറ്റാതെ അവരെ...ഈശ്വരാ..

എന്റെ ആ യൂണിറ്റിലെ ജോലി അതോടുകൂടി തീര്‍ന്നു. ഞാന്‍ വേറേ യൂണിറ്റിലേയ്ക്ക് ട്രാന്‍ഫറായി.ഇടയ്ക്കെപ്പോഴോ അറിഞ്ഞു, ആ അമ്മ പ്രസവിച്ചു. ഒരു പെണ്‍കുഞ്ഞ്. പക്ഷെ ആ കുഞ്ഞ് ദൈവദൂതനായിരുന്നില്ല, അവളുടെകയ്യില്‍ ഇമ്രാനുവേണ്ട മരുന്നുമുണ്ടായിരുന്നില്ല .
മൂന്നാം വര്‍ഷം പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടില്‍ പോയി വന്നപ്പോള്‍ പുസ്തകത്തിന്റെ അവസാനത്താളില്‍ കൊണ്ടെത്തിക്കും പോലെ ഒരു ഫോണ്‍ കോള്‍ : ഇമ്രാന്‍ മരിച്ചു.
പിന്നീട്, ഒക്‌നോളജി യൂണിറ്റ് കാണുമ്പോഴൊക്കെ അവന്റെ നിഷ്കളങ്കമായ മുഖം അറിയാതെ ഓര്‍ത്തുപോകും , കൂടെ ഭൂതത്തിന്റെ പിടിയില്‍ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കാനാകതെ നിസ്സഹായായിപ്പോയ ആ അമ്മയുടെ മുഖവ. ആ കോറിഡോറില്‍ ഇമ്രാന്റെ ചിരി നിറയുന്നതുപോലെ..തന്നെക്കാള്‍ മുന്നെയെത്താന്‍ കൂക്കിവിളിച്ചോടുന്നതുപോലെ..ഈശ്വരാ..ആ കുഞ്ഞിനെ പൊന്നുപോലെ നോക്കണേ..അത്രയ്ക്കും പാവാ അവന്‍ .


യൂണിറ്റിലെ ജൂനിയേഴ്‌സിനോട് ചോദിച്ചാല്‍ ഇമ്രാന്റെ അമ്മയെക്കുറിച്ചറിയാം .പക്ഷെ ഇത്തരം എന്തായിരിക്കും എന്നറിയാമെങ്കിലും കേള്‍ക്കാനുള്ള കരുത്ത് പോര.
ഇമ്രാനും അമ്മയും ഇല്ലാതാകുമ്പോള്‍ അക്ഷീണം ആ യൂണിറ്റിന്റെ പടികള്‍ കയറിയിരുന്ന ഒരാളുണ്ടായിരുന്നു. ഇമ്രാന്റെ അച്ചന്‍. അവര്‍ ഇല്ലാതായിക്കഴിഞ്ഞതിനുശേഷവും അതു തുടരുന്നു..ഇമ്രാന്റെ അനുജത്തിക്ക് വേണ്ടി.

ശാസ്ത്രം ഒരിക്കലും ദൈവത്തിനപ്പുറം വളരുന്നില്ല - MAN PROPOSES AND GOD DISPOSES - എത്ര ശെരി

Monday, September 13, 2010

വിശ്വാസിയും അവിശ്വാസിയും

ഒരു വിശ്വാസിയായ സുഹൃത്തും അവിശ്വാസിയായ സുഹൃത്തും തമ്മില്‍ ഉള്ള സംവാദം


അവിശ്വാസി: ഇന്നലെ ഇന്റര്‍വ്യൂവിനു പോയ ജോലി ശരിയാകും എന്ന് തോനുന്നില്ല
അളിയാ.ഇന്റര്‍വ്യൂ അത്ര പോരായിരുന്നു. എനിക്കൊരു വിശ്വാസോം ഇല്ല.

വിശ്വാസി: നീ ദൈവത്തിനോട് പറ. ദൈവത്തില്‍ വിശ്വസിക്ക്.

അവിശ്വാസി: അതിനു ദൈവം അല്ലല്ലോ എന്റെ ഇന്റര്‍വ്യൂ എടുത്തേ.എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം
ഇല്ല. എന്റെ ഇന്റര്‍വ്യൂ ശരിയാകാത്തതിനു ദൈവം എന്ത് ചെയ്യാനാ?


വിശ്വാസി: എല്ലാം അവന്‍ അറിയുന്നു. എല്ലാം അവന്‍ ചെയ്യിക്കുന്നു.

അവിശ്വാസി: യെവന്‍?

വിശ്വാസി: ദൈവം. അവന്‍ അറിയാതെ ഈ പ്രപഞ്ഞതില്‍ ഒരു ഇല പോലും അനങ്ങില്ല.

അവിശ്വാസി: എന്തോ ഈ പറഞ്ഞതിനോട് ഒന്നും എനിക്ക് യോജിപ്പില്ല.

വിശ്വാസി: അത് പറ്റില്ല. നീ വിശ്വസിക്കണം.

അവിശ്വാസി: ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെന്നു ആര് പറഞ്ഞു. പക്ഷെ എനിക്ക് എന്റേതായ
വിശ്വാസങ്ങളും കാഴ്ചപാടുകളും ഉണ്ട്. ഞാന്‍ നേരിട്ട് കാണുന്നതിനെ മാത്രേ
വിശ്വാസിക്ക്.

വിശ്വാസി: നമ്മള്‍ നേരിട്ട് കാണാത്തതും അറിയാത്തതുമായി പലതും ഉണ്ട്.

അവിശ്വാസി: അങ്ങനെ ഉള്ളതിനെ വിശ്വസിക്കാന്‍ എനിക്ക് താല്‍പര്യമില്ല അളിയാ.


വിശ്വാസി: നീ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല?

അവിശ്വാസി: വിട്ടേക്ക്. എനിക്ക് എന്റെ വിശ്വാസം. നിനക്ക് നിന്റെ വിശ്വാസം.

വിശ്വാസി: ദൈവം ഇല്ലാത്ത നിനക്ക് എന്ത് വിശ്വാസം?ദൈവമാണ് എല്ലാം സൃഷ്ടിച്ചത് . ഈ ലോകം ഈ പ്രപഞ്ചം
സര്‍വ ജീവജാലങ്ങള്‍ എല്ലാം സൃഷ്ടിച്ചത് ദൈവം.മനുഷ്യനെ സൃഷ്ടിച്ചതും ദൈവം
തന്നെ.


അവിശ്വാസി: തെളിവുണ്ടോ?

വിശ്വാസി: അതിനുള്ള തെളിവാണ് നീയും ഞാനുമൊക്കെ

അവിശ്വാസി: ഇങ്ങനെ ഒന്നും പറഞ്ഞാല്‍ ഞാന്‍ വിശ്വസികൂല്ല

വിശ്വാസി: നിന്നക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതും ദൈവം തന്നെ....നീ നരകത്തില്‍ പോകും.

അവിശ്വാസി: എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത് ദൈവം അല്ലെ? അല്ലാതെ
ഞാനായിട്ട് പറയുന്നതല്ലല്ലോ? അപ്പോള്‍ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന
ദൈവം അല്ലേ നരകത്തില്‍ പോകേണ്ടത്?


വിശ്വാസി: നീ അഹങ്കാരി ആണ്. നിന്നെ ദൈവം ശിക്ഷിക്കും.

അവിശ്വാസി: കാര്യം ചോദിച്ചു മനസിലാക്കാന്‍ ശ്രമിക്കുന്നത് അഹങ്കാരം ആണോ? ഒരു തെളിവും ഇല്ലാതെ ദൈവം സൃഷ്ടിച്ചു, ദൈവം
ചെയ്യിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരില്ല. ശാസ്ത്രം
തരുന്നപോലെ എന്തേലും തെളിവ് തരാന്‍ പറ്റുമോ?


വിശ്വാസി : നിങ്ങളുടെ ശാസ്ത്രത്തിനു ഒരു ജീവനെ സൃഷ്ടിക്കാന്‍ കഴിയുമോ?

അവിശ്വാസി : കഴിയും. ഒരു ബീജവും അണ്ഡവും കൂട്ടി യോജിപ്പിച്ചാല്‍ ഒരു ടെസ്റ്റ്
ട്യൂബില്‍ വേണേലും ഒരു ജീവനെ ഉണ്ടാക്കാം

വിശ്വാസി: ഈ അണ്ഡോം ബീജോം ഒന്നും ഇല്ലാതെ ഒരു ജീവനെ ഉണ്ടാകാന്‍ കഴിയുമോ?

അവിശ്വാസി: ബീജോം അണ്ഡോം ഒന്നും ഇല്ലാതെ ആര് ജീവന്‍ സൃഷ്ടിച്ചെന്നാ?


വിശ്വാസി: ദൈവം. ദൈവമാണ് ഇതെല്ലാം സൃഷ്ടിച്ചത്.

അവിശ്വാസി: നീ കണ്ടോ?

വിശ്വാസി: ദൈവം സൃഷ്ടിച്ചില്ലെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.

അവിശ്വാസി: ഒരു ചത്ത എലിയെ അങ്ങനെ തന്നെ ഇട്ടിരുന്നാല്‍ പിറ്റേ ദിവസം പുഴു അരിക്കും.
ആ പുഴുവിനെ ദൈവമാണോ അവിടെ കൊണ്ട് വന്നു വിടുന്നത്?

വിശ്വാസി: പുഴുവിനെ സൃഷ്ടിച്ചതും ദൈവം തന്നെ.

അവിശ്വാസി: ഈ കളിക്ക് ഞാനില്ല.

വിശ്വാസി: എന്നാല്‍ ദൈവം ഉണ്ടെന്നു നീ സമ്മതിക്കണം.

അവിശ്വാസി: ശരി, ദൈവം ഉണ്ടെന്നു ഞാന്‍ സമ്മതിച്ചു. എന്റെ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ നീ
അങ്ങീകരിക്കുമോ?


വിശ്വാസി: നീ ആദ്യം ദൈവം ഉണ്ടെന്നു സമ്മതിക്ക്, പിന്നെ നിന്റെ ദൈവത്തിന്റെ പേര് പറ.

അവിശ്വാസി: ശെരി സമ്മതിച്ചു. ദൈവം ഉണ്ട്. എന്റെ ദൈവം പൂച്ചയാണ്.


വിശ്വാസി: എന്ത്...പൂച്ചയോ?

അവിശ്വാസി: എന്തേ, പാടില്ലേ?

വിശ്വാസി: പൂച്ച എങ്ങനെയാടോ ദൈവം ആകുന്നെ?

അവിശ്വാസി: എനിക്ക് എന്റെ പൂച്ചയെ വിശ്വാസമാ. എന്റെ ദൈവം പൂച്ച തന്നെ.

വിശ്വാസി: ദൈവം ആണേല്‍ സൃഷ്ട്ടി, സംരക്ഷണം, എന്നുള്ള കാര്യങ്ങള്‍ ഒക്കെ
ചെയ്യണം.പിന്നെ ഗ്രന്ഥങ്ങളൊക്കെ വേണം.

അവിശ്വാസി: ഓ ദൈവത്തിനു ഇങ്ങനെ ഡെഫിനിഷനോക്കെ ഉണ്ടോ? എന്റെ പൂച്ച ഇതൊക്കെ ചെയ്യും. പ്രസവിക്കും,
വീടിനെ ഒക്കെ സംരക്ഷിക്കും, എലിയെ കൊല്ലും. പിന്നെ ഗ്രന്ഥം. അത് പബ്ലിഷ്
ചെയ്യാന്‍ കൊടുത്തിട്ടേ ഉള്ളു.

വിശ്വാസി: ഇതൊക്കെ എല്ലാര്‍ക്കും ചെയ്യാന്‍ പറ്റിയ ജോലികളാ. ദൈവമാകാന്‍ ഇതൊന്നും പോരാ. ഞാന്‍
അംഗീകരിക്കില്ല.

അവിശ്വാസി: എന്റെ ദൈവത്തിനെ എനിക്ക് നേരിട്ട് കാണാന്‍ പറ്റും. നിന്റെ ദൈവം സാങ്കല്‍പ്പികമാണ്.


വിശ്വാസി: ഒരു പൂച്ചക്ക് ഒരിക്കലും ഒരു ദൈവം ആകാന്‍ കഴിയില്ല.

അവിശ്വാസി: അത് ശരി... ആദ്യം പറഞ്ഞു ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്ന്. ഇപ്പോള്‍ ഞാന്‍
വിശ്വസിച്ചു കഴിഞ്ഞപ്പോ എന്റെ ദൈവത്തിനെ നീ തരം താഴ്ത്തുന്നോ?


വിശ്വാസി: ഹേയ്, അങ്ങനെ അല്ല, എന്നാലും പൂച്ചയെ ഒക്കെ എങ്ങനെയാ ദൈവമായി കാണുക?

അവിശ്വാസി: അപ്പോള്‍ നിന്റെ പ്രശ്നം എന്റെ വിശ്വാസം അല്ല. എന്റെ ദൈവമാണ് , അല്ലേ?


വിശ്വാസി: ഈ കളിക്ക് ഞാന്‍ ഇല്ല .

അവിശ്വാസി: അത് പറ്റില്ല. ഇത്രേം കളിച്ച സ്ഥിതിക്ക് നീ ബാക്കി കൂടി കളിച്ചിട്ട് പോയാല്‍ മതി. ഒന്നുകില്‍ നീ ദൈവം
ഇല്ലെന്നു സമ്മതിക്കണം. അല്ലെങ്കില്‍ പൂച്ച ദൈവം ആണെന്ന് സമ്മതിക്കണം

വിശ്വാസി: അത് പിന്നെ.....എന്നാല്‍ ശെരി. നിനക്ക് നിന്റെ വിശ്വാസം. എനിക്ക് എന്റെ
വിശ്വാസം. അത്ര തന്നെ.

അവിശ്വാസി: സമ്മതിച്ചല്ലോ? ഇനി മേലാല്‍ ഇതും പറഞ്ഞു ഈ വഴിക്ക് കണ്ടുപോവരുത്.

**************************************************************************************************************************


ഇവിടെ വിശ്വാസിയോ അവിശ്വാസിയോ ജെയിക്കുന്നില്ല.

അവരവരുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രേമിക്കുന്നത് ഒരിക്കലും ശെരിയല്ല.

നമ്മള്‍ കാണുന്ന
അതെ രൂപത്തിലും ഭാവത്തിലും തന്നെ മറ്റുള്ളവരും ദൈവത്തിനെ കാണണം
എന്ന് കരുതുന്നവന്‍ ഒരിക്കലും ഒരു വിശ്വാസി ആകുന്നില്ല. അവന്‍ സ്വന്തം
ദൈവത്തിന്റെ കാര്യത്തില്‍ വിശ്വാസിയും മറ്റുള്ളവരുടെ ദൈവത്തിന്റെ
കാര്യത്തില്‍ അവിശ്വാസിയും ആകുന്നു.